ഇവിടം സന്ദര്‍ശിച്ചതിന് നന്ദി

ഇത് എന്റെ നാട് കാരാക്കോടിന്റെ ജൈവ വൈവിധ്യം പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമം. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫോട്ടോകള്‍ മിക്കതും ഞാന്‍ കാരാക്കോട് നിന്നും എടുത്തവയാണ്. പല ചെടികള്‍ക്കും പ്രാദേശികമായി ഞങ്ങള്‍ വിളിച്ചുവരുന്ന പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ സസ്യങ്ങളുടെ വിവരണം പലതും വിക്കിപീഡിയയില്‍ നിന്നും കടം കൊണ്ടതാണ്. വല്ല വിവരണവും വിട്ടു പോയിട്ടുണ്ടെങ്കില്‍ അഭിപ്രായങ്ങളിലൂടെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Saturday, February 10, 2018

ദുഗ്ധഫേനി / പയസ്വിനി / Taraxacum officinale


ആസ്റ്റെറേസീ (Asteraceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധിയാണ് ദുഗ്ധഫേനി (dandelion) ശാസ്ത്രീയ നാമം: Taraxacum officinale. സംസ്കൃതത്തിൽ ദുഗ്ധഫേനി, പയസ്വിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഇന്ത്യയിൽ 300-5400 മീ. ഉയരമുള്ള കുന്നിൻപ്രദേശങ്ങളിലാണ് ദുഗ്ധഫേനി വളരുന്നത്. ചിരസ്ഥായിയായ ഈ ഓഷധിയുടെ നാരായവേര് കട്ടിയേറിയതാണ്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാൽപോലെയുള്ള കറ (latex) ഉണ്ടായിരിക്കും. ഇലകൾ മൂലജ(radical)ങ്ങളാണ്; ഇലഞെടുപ്പ് വളരെ ചെറുതായിരിക്കും. വിവിധ ആകൃതിയിൽ കാണപ്പെടുന്ന ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ദീർഘപിച്ഛാകാര(pinnatifid)ത്തിലുള്ളതുമായിരിക്കും. ദന്തുരമായ ഇലപ്പാളികൾ രേഖീയവും ത്രികോണാകൃതിയിലുള്ളതുമാണ്.
ദുഗ്ധഫേനി പുഷ്പം

ജിഹ്വിത ഹെഡ് (ligulate head) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് മഞ്ഞനിറമാണ്. കായ്കൾ തിളക്കമുള്ള അക്കീനുകളാണ്. വിത്ത് പരന്നതും അരികുകൾ പാളികൾപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കുന്നതുമാണ്. വിത്തിന്റെ മുൻപകുതി മുള്ളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നതും അറ്റത്ത് വെളുത്ത രോമഗുച്ഛം ഉള്ളതുമാണ്.

ദുഗ്ധഫേനി സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. കഫം, വാതം, പിത്തം, അൾസറുകൾ, ക്ഷയം, ഉദരരോഗങ്ങൾ, വിര, മലബന്ധം, നാഡീരോഗങ്ങൾ, പനി, ത്വഗ്രോഗങ്ങൾ, കുഷ്ഠം, സന്ധിവാതം, സന്ധിവീക്കം, മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, ക്ഷീണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഈ ഔഷധി പ്രധാനമായും ഉപയോഗിക്കുന്നത്. കയ്പുരസമുള്ള ഈ സസ്യത്തിന്റെ ചാറ് ദഹനത്തെ ത്വരിതപ്പെടുത്തുകയും കൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു. വിരേചനൌഷധമായും ഇത് ഉപയോഗിക്കാറുണ്ട്.

(ഫോട്ടോകള്‍: എന്റേത്, പരിചയപ്പെടുത്തിയത്: ഡോ. അജയന്‍ സദാനന്ദന്‍, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)