ഇവിടം സന്ദര്‍ശിച്ചതിന് നന്ദി

ഇത് എന്റെ നാട് കാരാക്കോടിന്റെ ജൈവ വൈവിധ്യം പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമം. ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫോട്ടോകള്‍ മിക്കതും ഞാന്‍ കാരാക്കോട് നിന്നും എടുത്തവയാണ്. പല ചെടികള്‍ക്കും പ്രാദേശികമായി ഞങ്ങള്‍ വിളിച്ചുവരുന്ന പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ സസ്യങ്ങളുടെ വിവരണം പലതും വിക്കിപീഡിയയില്‍ നിന്നും കടം കൊണ്ടതാണ്. വല്ല വിവരണവും വിട്ടു പോയിട്ടുണ്ടെങ്കില്‍ അഭിപ്രായങ്ങളിലൂടെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tuesday, May 22, 2018

കച്ചൂരം / മാങ്ങയിഞ്ചി / ചണ്ണ / ഇഞ്ചിമാങ്ങ / Curcuma zedoaria


മഞ്ഞൾ വർഗത്തിൽപെട്ടതും ഇംഗ്ലീഷിൽ White turmeric എന്നറിയപ്പെടുന്നതുമായ ഒരു ചെടിയാണ് കച്ചൂരം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചണ്ണ, മാങ്ങാഞ്ചി, മാങ്ങയിഞ്ചി, മാങ്ങഇഞ്ചി, ഇഞ്ചിമാങ്ങ എന്നെല്ലാം അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശങ്ങൾ ഇന്ത്യയും ഇന്തൊനേഷ്യയുമാണ്. അറബികളാണ് ആറാം നൂറ്റാണ്ടോടുകൂടി ഇതിനെ യൂറോപ്പിലെത്തിയ്ക്കുന്നത്. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിലാണ് ഇതിന്റെ സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നത്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഭൂകാണ്ഡമായ കച്ചൂരം ഒന്നിലേറെ വർഷങ്ങൾ ആയുസ്സുള്ള ചെടിയാണ്. മഞ്ഞളിനോട് സാമ്യമുള്ള ഇലകളും തണ്ടും ഇഞ്ചി പോലുള്ള കിഴങ്ങുമാണുള്ളത്. കിഴങ്ങിന് മാങ്ങയുടേയും ഇഞ്ചിയുടെയും ചേർന്ന മണമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കാം. ഇന്തൊനേഷ്യയിൽ ഇതിന്റെ കിഴങ്ങ് പൊടിച്ച് കറിക്കൂട്ടുകളിൽ ചേർക്കാറുണ്ട്. ഇന്ത്യയിൽ അതേപടി കറികളിൽ ചേർത്തോ അച്ചാറിട്ടോ ഉപയോഗിക്കാറുണ്ട്. തായ്‌ വിഭവങ്ങളോടൊപ്പം സാലഡായി ഇതിന്റെ കിഴങ്ങ് വേവിയ്ക്കാതെ നേർത്ത കഷണങ്ങളായി അരിഞ്ഞിട്ടത് ഉപയോഗിക്കാറുണ്ട്. ഉണക്കിയ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവസ്തുക്കളുടേയും സോപ്പിന്റേയും നിർമ്മാണത്തിൽ ഉപയോഗിക്കാറുണ്ട്.


Monday, May 21, 2018

മൊലുഗോ ഒപ്പോസിറ്റിഫോളിയ / മൊലുഗോ / Mollugo oppositifolia


മൊലുജിനേസീ (Molluginaceae) സസ്യകുടുംബത്തിൽപ്പെട്ട പുഷ്പിത സസ്യം ആണ് മൊലുഗോ ഒപ്പോസിറ്റിഫോളിയ( Mollugo oppositifolia)എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഈ കൊച്ചു സസ്യം. ഏതാനും ഡസൻ സ്പീഷീസ് ഓഷധികൾ അടങ്ങുന്നതാണ് മൊലുഗോ ജീനസ്.

Saturday, February 10, 2018

ദുഗ്ധഫേനി / പയസ്വിനി / Taraxacum officinale


ആസ്റ്റെറേസീ (Asteraceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധിയാണ് ദുഗ്ധഫേനി (dandelion) ശാസ്ത്രീയ നാമം: Taraxacum officinale. സംസ്കൃതത്തിൽ ദുഗ്ധഫേനി, പയസ്വിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഇന്ത്യയിൽ 300-5400 മീ. ഉയരമുള്ള കുന്നിൻപ്രദേശങ്ങളിലാണ് ദുഗ്ധഫേനി വളരുന്നത്. ചിരസ്ഥായിയായ ഈ ഓഷധിയുടെ നാരായവേര് കട്ടിയേറിയതാണ്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാൽപോലെയുള്ള കറ (latex) ഉണ്ടായിരിക്കും. ഇലകൾ മൂലജ(radical)ങ്ങളാണ്; ഇലഞെടുപ്പ് വളരെ ചെറുതായിരിക്കും. വിവിധ ആകൃതിയിൽ കാണപ്പെടുന്ന ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ദീർഘപിച്ഛാകാര(pinnatifid)ത്തിലുള്ളതുമായിരിക്കും. ദന്തുരമായ ഇലപ്പാളികൾ രേഖീയവും ത്രികോണാകൃതിയിലുള്ളതുമാണ്.
ദുഗ്ധഫേനി പുഷ്പം

ജിഹ്വിത ഹെഡ് (ligulate head) പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് മഞ്ഞനിറമാണ്. കായ്കൾ തിളക്കമുള്ള അക്കീനുകളാണ്. വിത്ത് പരന്നതും അരികുകൾ പാളികൾപോലെ ചെറുതായി വിഭജിക്കപ്പെട്ടിരിക്കുന്നതുമാണ്. വിത്തിന്റെ മുൻപകുതി മുള്ളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നതും അറ്റത്ത് വെളുത്ത രോമഗുച്ഛം ഉള്ളതുമാണ്.

ദുഗ്ധഫേനി സസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. കഫം, വാതം, പിത്തം, അൾസറുകൾ, ക്ഷയം, ഉദരരോഗങ്ങൾ, വിര, മലബന്ധം, നാഡീരോഗങ്ങൾ, പനി, ത്വഗ്രോഗങ്ങൾ, കുഷ്ഠം, സന്ധിവാതം, സന്ധിവീക്കം, മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, ക്ഷീണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഈ ഔഷധി പ്രധാനമായും ഉപയോഗിക്കുന്നത്. കയ്പുരസമുള്ള ഈ സസ്യത്തിന്റെ ചാറ് ദഹനത്തെ ത്വരിതപ്പെടുത്തുകയും കൃമിയെ നശിപ്പിക്കുകയും ചെയ്യുന്നു. വിരേചനൌഷധമായും ഇത് ഉപയോഗിക്കാറുണ്ട്.

(ഫോട്ടോകള്‍: എന്റേത്, പരിചയപ്പെടുത്തിയത്: ഡോ. അജയന്‍ സദാനന്ദന്‍, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)

Saturday, February 3, 2018

നിലവാക / ചിന്നാമുക്കി / ചെന്നാമുക്കി / Senna alexandrina / Cassia Angustifolia


ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് നിലവാക. Senna alexandrina, Cassia Angustifolia എന്നീ ശാസ്ത്രീയനാമങ്ങള്‍ ഉണ്ട്.

ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തിൽ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോൾ (mannitol), സോഡിയം പൊട്ടാസ്യം ടാർടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിൻ, എഥിരിയൽ ഓയിൽ (Etherial Oil), റെസിൻ, β സിറ്റോസ്റ്റിറോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവാകയിൽ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോൾ എന്ന രാസഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു. ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും.

ഒന്നരമീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.

(ഫോട്ടോകള്‍: എന്റേത്, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)

Wednesday, January 17, 2018

കാട്ടുമുന്തിരി / cissus repanda


cissus repanda (സിസസ് റെപ്പൻണ്ട)എന്ന് ശാസ്ത്രീയ നാമമുള്ള ഈ വള്ളി ചെടി കാട്ടുമുന്തിരി എന്ന് മലയാളത്തില്‍ ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു. വിറ്റേസ്സീ (Vitaceae) സസ്യ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. അരുണാചൽ പ്രദേശ്, ത്രിപുര, അസം, ബിഹാർ, ഒറീസ്സ, മധ്യപ്രദേശ് കൂടാതെ പശ്ചിമ ഘട്ടത്തിലെ 1350 മീറ്റർ ഉയരം ഉള്ള സ്ഥലങ്ങളിലും കാണപ്പെടുന്ന പ്രധാന ഔഷധ ചെടിയാണ്. ഹിന്ദിയിൽ "പനിവേൽ" എന്നറിയപ്പെടുന്നു. പുറംതൊലി മൃദുവായതാണ്, വളരെ വലുപ്പത്തില്‍ മരങ്ങൾ പോലെ മറ്റു മരങ്ങളില്‍ പടര്‍ന്നു കയറി വളരുന്ന ചെടിയാണ്. നാടോടി മരുന്നുകളിൽ വ്യാപകമായി ഉപയോഗിക്കുന്നു. സിസ്സസ് റീപ്പെൻഡയുടെ വേരുകളും, ഇലകളും മുറിവുകൾ, അസ്ഥി പരിക്കുകൾ എന്നിവയ്ക്ക് പാരമ്പര്യ ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു. ഇലകൾ ശാസ്ത്രീയമായി അന്വേഷണ വിധേയമായിട്ടില്ല.

(ഫോട്ടോകള്‍: എന്റേത്)

Monday, January 8, 2018

മാങ്ങാനാറി / ആകാശമല്ലി / കോസ്മോസ് / Cosmos caudatus / Cosmos sulphureus


സാധാരണ മഞ്ഞ, ഓറഞ്ച്,ചുവപ്പ് എന്നീ നിറങ്ങളിൽ പൂവ് കണ്ടുവരുന്ന ഒരു സസ്യമാണ് മാങ്ങാനാറി. ആകാശമല്ലി, കോസ്മോസ് എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രീയനാമം: Cosmos sulphureus അഥവാ Cosmos caudatus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. അർദ്ധവാർഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകർഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.

(ഫോട്ടോകള്‍: എന്റേത്, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)

Wednesday, December 20, 2017

വേങ്ങ / Pterocarpus marsupium / Indian keno treeവംശനാശ ഭീഷണി നേരിടുന്ന ഒരു ഔഷധ മരമാണ് വേങ്ങ. ശാസ്ത്രീയനാമം - Pterocarpus marsupium. ഇംഗ്ലീഷ്: Indian keno tree 30 മീറ്ററോളം ഉയരത്തിൽ വളരുന്ന വേങ്ങ ഇൻഡ്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. ഇൻഡ്യയിൽ സഹ്യപർവത നിരകളിലും ഡക്കാൻ പീഠഭൂമിയിലും വളരുന്നു[2] വേങ്ങ മരത്തിൽ നിന്നാണ് പ്രസിദ്ധമായ കീനോ എന്ന ഔഷധം വേർതിരിച്ചെടുക്കുന്നത്. അഗ്നിവേശൻ കാലം മുതൽക്കേ ആയുർവേദത്തിൽ വേങ്ങ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പാൻക്രിയാസിന്‍റെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്.

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണ്. വലിയ മരമായാൽ ചാര നിറത്തിലുള്ള മരപ്പട്ട കാണാം. നെടുകേ പൊട്ടലുകളുണ്ട്; പരുപരുത്ത പട്ടയുടെ പുറം പാളികൾ ഉരിഞ്ഞു പോകുന്നു.പ്രായമായ മരങ്ങളിൽ നിന്ന് ചുവപ്പു നിറമുള്ള കറ ഉണ്ടാകുന്നു. തടിക്ക് നല്ല ഉറപ്പും ഇളം ചുവപ്പു നിറവും ഉണ്ട്. ഇലകൾ സമ്യുക്തവും 5-7 പത്രങ്ങൾ ഉള്ളതുമാണ്. പത്രകങ്ങൾക്ക് 8-13 സെ. മീ. നീളവും 3.8- 5 സെ.മീ. വീതിയും ഉണ്ട്. അണ്ഡാകൃതി. അഗ്രം കൂർത്തതാണ്. മഞ്ഞ നിറത്തിൽ കുലകളായി കാണുന്ന ഗന്ധമുള്ള പൂക്കൾ. ഇവ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. ബാഹ്യദളപുടത്തുനു 6 മി.മീ. നീളം, 5 കർണ്ണങ്ങൾ ഇളം ചുവപ്പു നിറം. ദളപുടത്തിന് ബാഹ്യദളപുടത്തിന്റെ ഇരട്ടി നീളം കാണും. ദളങ്ങൾ 5. കേസരങ്ങൾ 10. ഏകസന്ധിതം. ഫലം ഒറ്റ വിത്തുള്ളതും ചിറകുകളോടു കൂടിയതുമാണ്. 1000 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഇവ, ഹിമലയം മുതൽ കന്യാകുമരി വരെയുള്ള് പ്രദേശങ്ങളിലെ പർവ്വതഭാഗങ്ങളിൽ കാണാം നൈസർഗ്ഗികമായി വളരുന്നു.

പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി ആധുനിക കാലത്തും ഗവേഷകർ ശരിവച്ചിട്ടുണ്ട്. തരം 2 പ്രമേഹ (Type II diabetes) രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയിലടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും. അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്.

വേങ്ങാ കാതൽ 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച്, പകുതിയാക്കിയത് , 50 മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി സേവിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും വേങ്ങാ തടികൊണ്ടുണ്ടാക്കിയ കപ്പിൽ വെള്ളം വച്ച് ഒരു രാത്രി കഴിഞ്ഞ ശേഷം അല്പമായി രണ്ടു നേരം കുടിച്ചാലും പ്രമേഹത്തിനു നല്ലതാണ്.

വേങ്ങാകാതൽ പൊടിച്ച പൊടി 6-12 ഗ്രാം വരെ രണ്ടു നേരം 3 ദിവസം തുടർച്ചയായി കഴിച്ചാൽ, മെറ്റബോളിസം തകരാറു മൂലം ആർത്തവം നിലച്ചവർക്ക് വീണ്ടും ആർത്തവം വരും.

വേങ്ങാകാതലിട്ട കഷായം അതി സ്ഥൗല്യത്തിനുത്തമമാണെന്ന് ചില ആയുർവേദകാരന്മാർ അഭിപ്രായപ്പെടുന്നു.

വേങ്ങക്കാതൽ, കരിങ്ങാലിക്കാതൽ ഇവ സമമെടുത്ത് കഷായം വച്ചു കുട്ഇച്ചാൽ പീനസം ശമിക്കും

(ഫോട്ടോകള്‍: എന്റേത്, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)

ആകാശമുല്ല / നക്ഷത്ര മുല്ല / തീപ്പൊരി / ഈശ്വര മുല്ല / വേലിച്ചെമ്പരത്തി / Ipomoea quamoclit


ഭംഗിയുള്ള ചുവന്ന പൂക്കള്‍ നിറയെ ഉള്ള ഒരു വള്ളിച്ചെടിയാണ് ആകാശമുല്ല. ശാസ്ത്രീയ നാമം:Ipomoea quamoclit.
നക്ഷത്രക്കമ്മൽ, നക്ഷത്ര മുല്ല, തീപ്പൊരി, ഈശ്വര മുല്ല, വേലിച്ചെമ്പരത്തി എന്നീ പേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ Cardinal Creeper,Cypress Vine, Star Glory,എന്നൊക്കെയാണ് പേരുകള്‍. 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്ന വർഷം മുഴുവൻ പൂവണിയുന്ന സസ്യമാണിത്. കേരളത്തിലെ ഗ്രാമങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്നു.

(ഫോട്ടോകള്‍: എന്റേത്, വിവരങ്ങള്‍ക്ക് അവലംബം: വിക്കിപീഡിയ)

Tuesday, December 19, 2017

റോസ്‌ കൊന്ന / indigofera zollingeriana


സീമക്കൊന്നയുടെ തരത്തില്‍ പെട്ട റോസ് കൊന്ന കേരളത്തില്‍ ഒരധിനിവേശ സസ്സ്യമാണ്. ശാസ്ത്രീയ നാമം indigofera zollingeriana. മലേഷ്യ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ജൈവ വളമായി ഉപയോഗിക്കുന്നു. ചായത്തോട്ടങ്ങളില്‍ തണലിനായും വളര്‍ത്തുന്നു.

(ഫോട്ടോകള്‍ : എന്‍റെത്)